നിപ വൈറസും മനുഷ്യനും പിന്നെ കുറെ കൈയിലിരിപ്പ് വിചാരങ്ങളും!!

കൊതുകു പനിയിൽ നിന്ന് വവ്വാൽ പനിയിലേക്ക് മലയാളികൾ വികസിക്കുമ്പോൾ..

മനുഷ്യന്റെ കൈയിലിരുപ്പ് ശരിയല്ലാത്ത കൊണ്ടൊക്കെയാണ് നിപയും, ഡെങ്കുവും, ചിക്കുൻ ഗുനിയയും പോലുള്ള രോഗങ്ങൾ വരുന്നത് എന്ന് ആരും പറയില്ല. നല്ലരീതിയിൽ ജനങ്ങൾ ജീവിച്ചുപ്പോയ നാടിനെ നന്നാക്കാനും എന്ന് പറഞ്ഞിറങ്ങി അവസാനം പരിസരം മലിനമാക്കിയതും, മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ തുലാസിലാക്കിയതും, ദുഃസ്സഹമാക്കിയതിന്റെയും ശേഷകാഴ്ചകളാണ് ഓരോ വർഷവും ഇങ്ങനെ വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ രോഗങ്ങൾ. ഇതിനൊക്കെ മുഖ്യ ഉത്തരവാദികൾ എന്ന് പറയുന്നത് നാം ഓരോരുത്തരും തന്നെയല്ലേ?

കുറച്ചു കാലം മുൻപ് വരെ നമ്മുടെ തിരുവനന്തപുരം നഗരഭാഗത്തു പരുന്തുകളെയൊക്കെ വല്ല മീൻചന്തയോ, ഇറച്ചിക്കടയോക്കെ കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമേ വലിയ കൂട്ടത്തോടെ ചുറ്റി പറക്കുന്നത് കാണാൻ കഴിയുമായിരുന്നൂള്ളൂ. ഇന്ന് ആ കാഴ്ച നമ്മുടെ എല്ലാ റെസിഡൻസ് കോളണികളുടെയും മുകളിൽ ആയി. കാരണം, ഇന്ന് മാംസാവശിഷ്ടങ്ങൾ ഒന്നും ലഭിക്കാൻ ഈ പക്ഷികൾക്ക് പാളയത്തിന്റെയും, ചാലയുടെയും പിന്നാപുറങ്ങളിൽ വട്ടമിട്ടു പറക്കേണ്ട ആവശ്യമില്ല. കേരളത്തിലെ സര്വമൂലയിലും മാലിന്യകൂമ്പാരങ്ങൾ പൊങ്ങി പൊങ്ങി വന്നപ്പോൾ, അലഞ്ഞു തിരയാതെ തന്നെ നമ്മുടെ നാട്ടിലെ ഗതികെട്ട സകലമാന പക്ഷികളും തെരുവ് പട്ടികളും  പൂച്ചകളും എലികളുമൊക്കെ അതൊക്കെ വിശപ്പടക്കാനുള്ള സ്രോതസാക്കി മാറ്റി. പല ജന്തുക്കളും ആഹാരം സമ്പാദിക്കുന്നയിടങ്ങളൊന്നും  തന്നെ ഇന്ന് വൃത്തിയില്ലാത്തിടങ്ങളാണ്. ഇതൊക്കെ കഴിക്കുന്ന ജന്തുക്കളുടെ ഉള്ളിൽ ഈ അഴുകിയതും, തൊളിഞ്ഞതുമായ ആഹാരപദാർത്ഥങ്ങൾ ഏതു രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നറിയുവാൻ നമ്മൾക്കും അറിയില്ല, അത് പറഞ്ഞു തരാൻ ആ ജീവികൾക്ക് കഴിയുകയുമില്ല.

നാളെ ആർക്കറിയാം ഈ നാട്ടിൽ പരുന്തുപനിയും. കാക്കപനിയും, കീരിപ്പനിയുമെന്നൊക്കെ പേരിട്ടു പുതിയ പലതും വരില്ലയെന്ന്. കയ്യിലിരുപ്പ് അത്രയ്ക്ക് നല്ലതാണല്ലോ നമ്മുടേത്!

Nipah Virus Attack Photo courtesy: ToI

ഇങ്ങനെയൊക്കെ  നോക്കുമ്പോൾ തന്നെ ഇവിടെയുള്ള ഒരുമാതിരിപ്പെട്ട എല്ലാ ജന്തുക്കളും പലമാരകരോഗങ്ങൾക്കും അടിമപ്പെട്ടിരിക്കുകയാവും.  നമ്മുടെ നാട്ടിലെ പക്ഷികളും നായ്ക്കളും എന്തിന് നമ്മുടെ നാട്ടിൽ കെട്ടഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലികൾ ഉൾപ്പടെ കുടിക്കേണ്ടി വരുന്നത് ഇവിടത്തെ പല മലിനമായ ഓടയിലെയും, കെട്ടികിടക്കുന്നതുമായ വെള്ളമാണെന്ന് നമ്മൾ കാണുന്നതാണ്..  ഈ വെള്ളത്തിൽ അടങ്ങിയിട്ടുള്ളത് പലപ്പോഴും, കുളിസോപ്പിന്റെയും ബാർ സോപ്പിന്റെയും ഡിറ്റർജന്റിന്റെയും ഡിഷ് വാഷറിന്റെയും രാസവിശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കലർന്നതായിരിക്കും. ഇതൊക്കെ കുടിക്കേണ്ടിവരുന്ന ഈ ജീവജാലങ്ങൾ ഭാവിയിൽ പലരോഗങ്ങളുടെയും രോഗവാഹകാരാകാതിരുന്നല്ലേ അതിശയപ്പെടാനുള്ളൂ.

ഇങ്ങനെയൊക്കെയായിട്ടും നാം ഇനിയും പഠിക്കുവാനോ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനോ പോകുന്നില്ല. നമ്മൾക്കറിയാം, വാവാൽക്കൂട്ടങ്ങളെയും മറ്റു ജീവജാലങ്ങളെയും കത്തിച്ചും വിഷംകൊടുത്തും ദ്രോഹിച്ചും കൊല്ലാനും, അതിരുന്ന മരങ്ങളെല്ലാം വെട്ടി മുറിച്ചു മാറ്റാനുമൊക്കെ. അത്രയല്ലേ നാം മനുഷ്യർക്കു കഴിയുകയുള്ളു!!

(ഈ അഭിപ്രായം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ശാസ്ത്രീയത അടിത്തറയിലുള്ള വിശകലനം അല്ലയിത്. ആയതിനാൽ നിങ്ങളുടെ യുക്തിയ്ക്ക് തോന്നുന്ന തുറന്ന അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു)

One thought on “നിപ വൈറസും മനുഷ്യനും പിന്നെ കുറെ കൈയിലിരിപ്പ് വിചാരങ്ങളും!!”

  • ചന്ദ്രശേഖരൻ

    May 24, 2018 at 8:18 PM

    ചാക്ക തോട് ഇരുകരകളും പരിഷ്കരിച്ച് കല്ലും കോൺക്രീറ്റും ഉപയോഗിച്ച് ചന്തം വരുത്തിയതിന് മുൻപ് പലപ്രാവശ്യം ഞാൻ ആ തോട് കടന്ന് അക്കരെ ഇക്കരെ വള്ളത്തിൽ സഞ്ചരിച്ചിട്ടുണ്ട്. പലരും തുണി കഴുകുകയും കുളിക്കുകയും ചെയ്തിരുന്ന തോട് ഒഴുകുന്തോറും ശുദ്ധീകരണം നടത്തുമായിരുന്നു. കാരണം ജൈവ മാലിന്യങ്ങൾ വലിച്ചെടുക്കാനും ജല ശുദ്ധീകരണം നടത്താനും ഇരുകര്യിലെയും മരങ്ങളുടെ വേരുകൾക്ക് കഴിയുമായിരുന്നു. ആതോട്ടിൽ സ്കൂൾ വാൻ മറിഞ്ഞപ്പോൾ കക്കൂസ് മാലിന്യം കലർന്ന വെള്ളം കുടിച്ചാണ് മരണപ്പട്ടത്. തെളിനീരൊഴുകിയ തോട് കുളവാഴകൾ കയ്യടക്കി. ഇതേ ഗതിതന്നെയാണ് എല്ലാ ജല സ്രോതസുകളുടെയും അവസ്ഥ. ഇന്ന് കൂണുപോലെ വളരുന്ന വൈറസുകളും രോഗങ്ങളും നമ്മുടെ കയ്യിലിരിപ്പിന്റെയും ആർത്തിയുടെയും പരിണിതഫലമാണ് എന്ന് ഒരു ശാസ്ത്രീയ പരിശോധനയുടെയും പിൻബലമില്ലാതെ പറയാം.പുതിയ രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തുമ്പോഴേക്കും കൂട്ടമരണം സംഭവിച്ചിരിക്കും.മിത്ര ജീവികളെ കൊന്നൊടുക്കി രോഗാണുക്കളും രോഗവും വളരും.

    Reply

Leave a Reply

Your email address will not be published. Required fields are marked *

*
*