പാലോട് ബയോ-മെഡിക്കൽ മാലിന്യ പ്ലാന്റ് വരും എന്ന ഭയത്തോടെ നിൽക്കുന്ന പാലോടുകാർ ഇനിയെന്തൊക്കെ കൂടി മനസിലാക്കേണ്ടതുണ്ട്?
ആദ്യം മുതൽ തന്നെ പാലോട് ബയോ-മെഡിക്കൽ മാലിന്യ നിർമാജന പ്ലാന്റിന്റെ വിഷയങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നവർ എന്ന നിലയിൽ നമ്മൾക്ക്, എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ഭയപ്പാടോടെ നിൽക്കുന്ന പാലോട് ഗ്രാമവാസികൾ ഇനി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ചില വിഷയങ്ങൾ നിങ്ങളോടു പങ്കുവെയ്ക്കുന്നു. ഇതിനൊപ്പം നിങ്ങളോരോരുത്തരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തുറന്നു പങ്കുവെയ്ക്കാൻ കൂടി ശ്രമിക്കുക.
22.12.2017-ൽ കളക്ടറേറ്റിൽ വെച്ച് നടത്തിയ ആദ്യ പബ്ലിക് ഹിയറിങ്ങിൽ ആദിവാസികൾ അടക്കമുള്ള പ്രദേശവാസികളുടെ എണ്ണം കുറവായതിനാൽ 03.01.2018-ലേക്ക് മാറ്റിവെച്ചു. അന്ന് എടുത്ത തീരുമാനപ്രകാരം കളക്ടർ രണ്ടാമത് ഒരു പബ്ലിക് ഹിയറിങ് കൂടി പ്രാദേശികമായി നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് അത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് മുന്നിൽ വെച്ച് കളക്ടറുടെ അധ്യക്ഷതയിൽ കൂടാം എന്ന് ഒരു തീരുമാനമെടുത്തു. ആദ്യത്തെ പബ്ലിക് ഹിയറിങ്ങും രണ്ടാമത്തെ പബ്ലിക് ഹിയറിങ്ങും ചട്ടങ്ങൾക്കു വിധേയമായിട്ടല്ല നടത്തപ്പെട്ടിട്ടുള്ളത് എന്ന് നിയമപരമായി നമ്മൾ ഭരണനിർവഹണ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ആദ്യ ഹിയറിങ്ങിന് മുന്നോടിയായി നവംബർ മാസം 2 മലയാളം പത്രത്തിലും 1 ഇംഗ്ലീഷ് പത്രത്തിലും വന്ന ചെറിയ കോളം അറിയിപ്പിന് അപ്പുറം ആദിവാസികൾ ഉൾപ്പടെ ഉള്ള ഈ മേഖലയിലെ സാധാരണ ജനങ്ങളെ അറിയിക്കുന്നതിനായി ചെയ്യേണ്ട വാഹന അനൗൺസ്മെന്റുകളോ, നോട്ടീസ് വിതരണമോ, പ്രധാന ജംഗ്ഷനുകളിൽ ബോർഡുകളോ പോലുള്ള ഒരു സംവിധാനങ്ങളും ഒരിക്കിയിരുന്നില്ല. കൂടാതെ ഈ പദ്ധതിവരുന്ന മേഖലയുമായി ബന്ധപെട്ടു കിടക്കുന്ന വനം വകുപ്പ്, പട്ടികജാതി/പട്ടികവർഗ വകുപ്പ് പോലുള്ള സ്ഥാപനങ്ങളിൽ ഒന്നിൽ പോലും അറിയിപ്പ് കൊടുത്തതായി രേഖപ്പെടുത്തിയിട്ടില്ല.
കളക്ടർ, ADM എന്നിവർ 22.12.2017-ൽ നടന്ന പബ്ലിക് ഹിയറിങ്ങിന് മുന്നോടിയായി ഒരിക്കൽ പോലും ഓട്ചുട്ടപടുക്കയിലെ പദ്ധതി പ്രദേശം കണ്ടിരുന്നില്ല. അങ്ങനെ ആ പദ്ധതി പ്രദേശം കാണാതെ അവർക്ക് ഇത്തരത്തിൽ ഒരു പബ്ലിക് ഹിയറിങ്ങിന് നേതൃത്വമോ അധ്യക്ഷമോ വഹിക്കാൻ കഴിയിമായിരുന്നോയെന്ന് നിയമപരമായി നാം പരിശോധിക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും നമ്മുടെ കളക്ടർ ഒരു പ്രൊഫഷണൽ ഡോക്ടർ ആണ് എന്നതിൽ ഉപരി ശുചിത്വ മിഷൻ (Total Sanitation Mission) എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ദീർഘകാലം സേവനം അനുഷ്ഠിക്കുകയും കൂടി ചെയ്ത വ്യക്തിയാണ്. ആ കാലത്ത് “വേസ്റ്റ് ?” (waste ?) എന്ന പേരിൽ ശുചിത്വ മിഷന് വേണ്ടി മാലിന്യ നിർമാജനത്തെ പറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഒരു കൈപുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഡോക്ടർ വാസുകി ഐഎഎസ് എന്ന് മനസ്സിലാക്കുക.
ഇനി പാലോട് നിവാസികൾ ഏറ്റവും പ്രധാനമായി ശ്രമിക്കേണ്ടത് നിലവിൽ നടന്ന രണ്ടു പബ്ലിക് ഹിയറിങ്ങുകളും നിയമാനുസൃതമല്ല നടന്നത് എന്ന് തെളിയിക്കുക എന്നതിലാണ്. അതിനൊപ്പം നേരായ രീതിയിൽ പ്രാദേശിക ജനങ്ങളെ ഉദ്ദേശിച്ചു കൊണ്ട് പദ്ധതി പ്രദേശത്തുവെച്ചു പൊതുജനങ്ങൾ, പഞ്ചായത്ത് അധികാരികൾ, ഈ പദ്ധതിയുമായും പ്രദേശവുമായും ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുള്ള എല്ലാ സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ, മറ്റു സന്നദ്ധ സംഘടനകൾ, പരിസ്ഥിതിപ്രവർത്തകർ/സംരക്ഷകർ എന്നിവരെ പങ്കെടുപ്പിച്ചു ഒരു പബ്ലിക് ഹിയറിങ് നടത്തേണ്ടതിനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉടനടി തുടങ്ങേണ്ടതുണ്ട്. ആ പബ്ലിക് ഹിയറിങ്ങിൽ ഇമേജ് എന്ന സ്ഥാപനത്തിനോട് നമ്മൾക്ക് ചോദിക്കാനുള്ള എല്ലാ ചോദ്യങ്ങളും എഴുതി തയാറാക്കി കൊടുക്കാവുന്നതും, ഉന്നയിക്കാവുന്നതുമാണ്. അതിനുള്ള മറുപടികൾ തരാൻ അവർ ബാധ്യസ്ഥരുമാണ്. സർക്കാർ വകുപ്പുകളെ വിളിക്കുമ്പോൾ വനം-വന്യജീവി-പരിസ്ഥിതി വകുപ്പ്, പട്ടികജാതി/വർഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് , ലാൻഡ് യൂസ് ബോർഡ്, ഇറിഗേഷൻ വകുപ്പ്, JNTBGRI, NCESS, കൃഷി വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പു വരുത്തുവാൻ പരമാവധി ശ്രമിക്കേണ്ടതാണ്.
മേല്പറഞ്ഞ സംഗതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനു ഒപ്പം തന്നെ ഒരു സ്പെഷ്യൽ ഗ്രാമസഭ വിളിച്ചു കൂട്ടാനുള്ള ഒരു ജനകീയ അപേക്ഷയും പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് കൊടുക്കാവുന്നതാണ്. കുറഞ്ഞത് പ്രാദേശികരായ 50-പേരെങ്കിലും ഒന്നിച്ചു ഒപ്പിട്ടു തയാറാക്കി നൽകുന്ന അപേക്ഷ ആയിരിക്കണം അതെന്ന് ശ്രദ്ധിക്കുക. ഗ്രാമസഭ കൂടുമ്പോഴും വേണ്ടപ്പെട്ട സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെയും ക്ഷണിക്കാവുന്നതും നിങ്ങളുടെ ആശങ്കകൾ പങ്കുവെയ്ക്കാവുന്നതുമാണ്.. അവിടെ വാർഡ് മെമ്പറുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും അധ്യക്ഷതയിൽ/സാന്നിദ്ധ്യത്തിൽ ജനങ്ങളുമായി സംവദിച്ചു ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും minutes-ൽ ഉൾപ്പെടുത്തി ഈ പദ്ധതിക്ക് എതിരെ ഒരു ജനകീയ റെസൊല്യൂഷൻ പാസ്സാക്കി വെയ്ക്കാവുന്നതാണ്. ആ minutes-ന്റെ പകർപ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും വാങ്ങി സൂക്ഷിക്കാവുന്നതാണ്. (കഴിയുമെങ്കിൽ IMA/IMAGE പ്രതിനിധികളെയും ഗ്രാമസഭയിൽ ക്ഷണിച്ചു അവർക്കു പറയാനുള്ളതും കൂടി കേട്ട്, ജനങ്ങളുടെ അഭിപ്രായങ്ങൾ ചേർത്ത് ഒരു അന്തിമ റെസൊല്യൂഷൻ പാസ്സാക്കാവുന്നതും ആണ്). ഗ്രാമസഭയിൽ എടുക്കുന്ന തീരുമാനം ഏറ്റവും നിർണായകം ആയ ഒന്നാണെന്ന വസ്തുത ജനങ്ങളെ പറഞ്ഞു മനസിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.
ഇവിടെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്പെഷ്യൽ ഗ്രാമസഭയോ അല്ലെങ്കിൽ പോലുഷൻ കണ്ട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ കളക്ടറുടെ അധ്യക്ഷതയിലുള്ള പബ്ലിക് ഹിയറിങ്ങോ നടക്കുകയാണെങ്കിൽ ജനങ്ങൾക്ക്, ഇമേജ് പ്രതിനിധികളോടും അവിടെ സന്നിഹിതരാകുന്ന വനം വകുപ്പ് അധികാരികളോടും എങ്ങനെയാണ് ഒരു സ്വകാര്യ സംരംഭത്തിന് അവശ്യം വേണ്ട റോഡ് ഈ മേഖലയിൽ അനുവദിച്ചു കിട്ടുക എന്ന ചോദ്യം ഉന്നയിക്കാൻ കഴിയും. നിലവിൽ അവിടെയുള്ള റോഡ് പൂർണമായും വനംവകുപ്പ് ഉടമസ്ഥതയിലുള്ളതാണ്.
നിലവിൽ നമ്മൾ അവിടെ വളരെ അപൂർവ്വതകൾ നിറഞ്ഞ സവിശേഷമായ മിരിസ്റ്റിക്ക ചതുപ്പാണെന്ന് കണ്ടെത്തുകയും, അവിടം ശക്തമായ തോതിൽ വന്യജീവികളുടെയും, ഉരഗങ്ങളുടെയും, നാനാജാതിയിൽ പെട്ട ഷഡ്പദങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയുണ്ടെന്ന് മനസിലാക്കിയിട്ടുണ്ടു. നിലവിൽ കണ്ട് പിടിച്ച മിരിസ്റ്റിക്ക ചതുപ്പിനുള്ളിലേക്കുള്ള നിരന്തരമായ ജനങ്ങളുടെ കടന്നുവരവ് മൂലം ചതുപ്പിൽ ഉയർന്നു നിൽക്കുന്ന “റ” ആകൃതിയിലെ വേര്-പടലങ്ങൾ ഒടിഞ്ഞു മണ്ണിൽ പതിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ അവിടെ തൂങ്ങി കിടന്നിരുന്ന സവിശേഷമായ വള്ളിപ്പടർപ്പുകൾ പൊട്ടി താഴെ കിടക്കുന്നതായും കാണുന്നു. ചതുപ്പ് നിലം ചവിട്ടി പതം വന്ന് ഞണ്ട്, മീനുകൾ, മറ്റു ജലജീവികൾ, ചിലന്തി, ഉറുമ്പുകൾ തുടങ്ങിയ ചെറുപ്രാണികൾ, മണ്ണിരക്കൂട്ടങ്ങൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതായി കാണുന്നു. ഡിസംബർ അവസാനവാരം കണ്ടതിനെക്കാൾ ആ ചതുപ്പ് പ്രദേശം അലങ്കോലപ്പെട്ടിരിക്കുകയാണ്. ആ മേഖലയിലെ പ്രാദേശികർക്കു വേണ്ട നിർദേശങ്ങൾ കൊടുത്താൽ ഈ ഭാഗത്തു കാണാൻ വരുന്ന ആൾക്കാരുടെ അങ്ങോട്ടുള്ള കടന്നുകയറ്റം നിയന്ത്രിച്ചു അവിടത്തെ സസ്യജാലങ്ങൾക്കും ചതുപ്പിനും സംരക്ഷണം നൽകാൻ കഴിയും. ഈ പദ്ധതി ഇവിടെ വരുന്നത് തടസ്സപ്പെടാൻ ഏറ്റവും നിർണായകമായത് ഈ കാട്ടുജാതികളുടെ സവിശേഷമായ കൂട്ടം കൊണ്ടാണ് എന്ന് കൂടി ഓർക്കുക.
ഇതിലെല്ലാം ഉപരി ആ വനമേഖലയിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന അക്കേഷ്യ/മാഞ്ചിയം അടങ്ങുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ സമീപ ഭാവിയിൽ തന്നെ ഇവിടെയുള്ള സസ്യജന്തുജീവജാലങ്ങളുടെയും, മനുഷ്യരുടെയും ജീവിതക്രമം തകിടം മറിക്കുകയും ഈ മേഖലയെ ഒരു വരണ്ട പ്രദേശമാക്കുകയും ചെയ്യുന്നതോടെ ഇവിടം മാരകസ്വഭാവമുള്ള പല രോഗങ്ങളുടെയും പകർച്ചാവ്യാധികളുടെയും നിദാനകേന്ദ്രമാകും. അങ്ങനെ വരികിൽ ഒരു പക്ഷെ അന്നത്തെ സർക്കാരുകൾ നേരിട്ട് തന്നെ ഈ പ്രദേശങ്ങൾ വ്യവസായ (Red/Orange) ആവശ്യങ്ങൾക്ക് ഡിനോട്ടിഫൈ ചെയ്തു കൊടുക്കുമായിരിക്കും. ഇപ്പോൾ തന്നെ ഈ പ്രദേശം ശ്രദ്ധിച്ചു നോക്കിയാൽ മരുഭൂമിവൽക്കാരണത്തിന്റെ എല്ലാ ലക്ഷണവും കാണിച്ചു തരുന്നുണ്ട്. @EPRC/PL/004/01/2018. (Dated 24/01/2018).
സഞ്ജീവ്. എസ്. ജെ
Environmental Protection & Research Council.
Thiruvananthapuram. 695005
info@eprcindia.org, keralamyowncountry@gmail.com
പാലോടുള്ള പരമാവധി ജനങ്ങൾക്കിടയിൽ ഈ സന്ദേശം നേരായ രീതിയിൽ എത്തിക്കേണ്ടതാണ്. IMA പ്രതിനിധികളെ പൊതുശത്രുവായി കാണുന്ന ഒരു സ്ഥിതിവിശേഷം അധികം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായി നമുക്ക് ഉത്തരം തരാൻ ബാധ്യസ്ഥരായ വ്യക്തികളാണ് വിതുരക്കാരായ Dr. വിജയചന്ദ്രൻ(എക്സ്. ഇമേജ്), ആധാരം എഴുത്തുകാരൻ ശ്രീ. സോമൻ എന്നിവർ. ഇവർ രണ്ടു പേരും അറിഞ്ഞാണ് ഇമേജ് ഈ സ്ഥലം ചിറയിൻകീഴ്ക്കാരനായിരുന്ന പരേതനായ ശ്രീ. രാജു എന്നയാളിന്റെ കുടുംബത്തിൽ നിന്നും, മറ്റു മൂന്ന് തദ്ദേശീയരിൽ നിന്നും വിലയ്ക്കു വാങ്ങിയത് (മൊത്തം 8 ആൾക്കാരുടെ). അവർ എഴുതിയ പ്രമാണങ്ങളിൽ തന്നെ വളരെ നിർണായകമായ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട് എന്ന വസ്തുത മനസിലാക്കുക.
അഞ്ചു സുപ്രധാനകാര്യങ്ങളാണ് ഒടുചുട്ടപടുക്കയിൽ നിന്നും ഇമാജിനെ പൂർണമായും അകറ്റാൻ കാരണമാകാൻ പോകുന്നത്.
എ. ഈ പ്രദേശം ഒരു സുപ്രധാന നദിയുടെ ഉത്ഭവകേന്ദ്രങ്ങളിൽ ഒന്നാണ്(വാമനപുരം).
ബി. ഈ പദ്ധതിപ്രദേശം എന്നതിന്റെ തുടർച്ച ഏറ്റവും സവിശേഷമായ മിരിസ്റ്റിക്ക ചതുപ്പാണ്.
സി. ശക്തമായ തോതിൽ വന്യജീവികളുടെയും മറ്റു ജീവജാലങ്ങളുടെയും സാന്നിധ്യം ഇവിടെ ഉണ്ട്.
ഡി. നാലതിർത്തിയും ജണ്ടകളാൽ വനാതിർത്തി നിർണയിച്ചിട്ടുള്ള ഒരു പ്രദേശമാണിവിടം.
ഇ. ഇതിലെല്ലാം ഉപരി ഇതൊരു ആദിവാസി മേഖലയാണ്.
Leave a Reply