ഭക്ഷണം മലിനം, ജലം മലിനം, വായു മലിനം അവസാനം കേരളം ഐസിയുവിലേക്ക്

ഭക്ഷ്യവിഷബാധയും മലിനജലവും കാരണം നഷ്ടപ്പെട്ട ജീവനുകൾ എത്രക്കാണും നമ്മുടെ നാട്ടിൽ നാളിത് വരെ.

തിരുവനന്തപുരത്തെ ഒട്ടുമുക്കാൽ ഹോട്ടലുകളും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നത് പ്രകടമായി തന്നെ മനസ്സിലാകുന്നതാണ് . പല സ്ഥലങ്ങളിലേയും ടാപ്പിൽ കൂടി വരുന്ന വെള്ളത്തിന് വളരെ തെറ്റായ നാറ്റം വരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

കഴക്കൂട്ടത്തെ ഹോട്ടലുകൾ തന്നെ ഉദാഹരണം. കൈ കഴുകുന്ന വെള്ളത്തിൽ കൂടി അഴുക്ക നാറ്റം തോന്നിപ്പിക്കുന്നു. തോന്നൽ അല്ല, സത്യമാണ്. എത്ര മാത്രം കഴക്കൂട്ടം വാസികൾ, ടെക്നോപാർക്ക് ജീവനക്കാർ, പാവപ്പെട്ട തൊഴിലാളികൾ ഈ കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ പ്രാപിച്ചിട്ടുണ്ടാകാം. മലം കലർന്ന വെള്ളം കുടിക്കേണ്ട അവസ്ഥ അത്ര വലിയ മഹത്വം നിറഞ്ഞ കാര്യമൊന്നുമല്ല. മലത്തിന് രാജകീയ മലമെന്നോ, വിശുദ്ധ മലമെന്നോ എന്ന വകഭേദമില്ലല്ലോ.

നഗരത്തിലെ ഒട്ടുമിക്ക സ്വകാര്യ നോൺ-വെജ് / വെജ് ഒൺലി ഹോട്ടലുകളും, പ്രമുഖ സ്ഥങ്ങളിലേയും ഇന്ത്യൻ കോഫി ഹൗസുകളും ഒക്കെ വിളമ്പുന്ന ഭക്ഷണം കഴിക്കേണ്ടി വന്നവരുടെ ചില ദിവസങ്ങളിലെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം.( പലരും വിശ്വാസം കൊണ്ടോ ഗതി കേട് കൊണ്ടൊക്കെ മാത്രമാണ് ഇവിടെയൊക്കെ കയറി വിശപ്പടക്കാൻ ശ്രമിക്കുന്നത്)

സാമാന്യയുക്തി ഉപയോഗിച്ചാൽ മാത്രം മതി. ഒരു എച്ചിൽ സംഭരിച്ച കാൽ ഈച്ചയാർക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രം മതി. പല ഹോട്ടലുകളിലേയും ഭക്ഷണാവശിഷ്ടങ്ങൾ സംഭരിക്കുന്ന നീല കൺടെയ്നറുകൾ അടയ്ക്കാറു പോലുമില്ല എന്നത് വസ്തുതയാണ്. എപ്പോഴെങ്കിലും ഈ എച്ചിൽ സൂക്ഷിക്കുന്ന കണ്ടയ്നറുകൾ കഴുകുന്ന ഒരേർപ്പാട് ഉണ്ടാകുമോ ആർക്കെങ്കിലും?

ഇതിന്റെ നിജ അവസ്ഥയറിയുവാൻ രാത്രി കാലത്ത് കിഴക്കേക്കോട്ട / അട്ടക്കുളങ്ങര ഭാഗത്ത് പുലർച്ചെ 2 മണിക്കും – 3 മണിക്കും ഹോട്ടൽ അവശിഷ്ടം എടുക്കുന്ന പന്നി-ഫാം വണ്ടികളുടേ അടുത്ത് കൂടെ പോയാൽ മതി. (ഇപ്പോൾ മാലിന്യം ഒരു ബിസിനസ് മോഡൽ ആയപ്പോൾ ഈ മാലിന്യപേറുന്ന വണ്ടികൾ രാത്രിയന്നോ പകലെന്നോ ഇല്ലാതെ ഓടുന്നത് കാണാവുന്ന അവസ്ഥയുണ്ടായി) സ്ഥലപരിമിതിയുടെ കാരണത്താൽ പലപ്പോഴും ഈ ഈച്ച ആർക്കുന്ന മാലിന്യമെന്നത് പാചകപ്പുരയിൽ നിന്ന് അധികം അകലത്തിൽ ആയിരിക്കില്ല. ഇവിടെ വെച്ചാണ് കേരളത്തെ സുഖിപ്പിക്കുന്ന പല രുചികരമായ ഭക്ഷണങ്ങളും വെന്ത് വരുന്നത്. ബലേ ഭേഷ് അല്ലെ !!

ഇതൊക്കെ പോരാഞ്ഞാണ് പണിക്കാർക്ക് വേണ്ടിയുള്ള കൊണ്ടി (കുറ്റി)യില്ലാത്തതും, ഒരിക്കലും വെള്ളമില്ലാത്തതുമായ ശുചീമുറികളും.

അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് നമ്മുടെ ഹോട്ടൽ പണിക്കാരുടെ വ്യക്തിപരമായ ഹൈജീനിറ്റി എന്നത്. അവരെ താറടിക്കുകയല്ല. ചില കാഴ്ച്ചകൾ പലപ്പോഴും അറിയാതെ അലോസരപ്പെടുത്തുന്നത് ആകാറുണ്ട് എന്നുള്ളത് കൊണ്ട് തന്നെ. മേശ തുടച്ച കൈ കൊണ്ട് തന്നെ വട എടുത്ത് കൊണ്ട് വരുന്നതും ചായ അടിച്ചു തരുന്നതും തറയിൽ ഇഴയുന്ന ലുങ്കി ഇട്ട പാചകക്കാരൻ നൂറുവട്ടം മടക്കി കൂത്തി കൈകഴുകാതെ അടുത്ത പരിപാടി ചെയുന്ന കാഴ്ച്ചയൊക്കെ നമ്മൾ എത്രയോ കണ്ടിരിക്കുന്നുവല്ലേ?

ആലപ്പുഴയിൽ നിന്ന് 4 ദിവസമുമ്പ് വന്ന വാർത്ത Courtesy: മറുനാടൻ മലയാളി

ഇവിടങ്ങളിൽ പലപ്പോഴും പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ (തൊട്ടികൾ / ചരുവങ്ങൾ) തന്നെ കക്കൂസിൽ കൊണ്ടു പോകുന്നത് കൈയോടെ പിടിച്ച സംഭവങ്ങൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. പല കല്യാണ ഓഡിറ്റോറിയങ്ങളുടെയും, ഹോട്ടലുകളുടേയും പിന്നാമ്പുറങ്ങളിൽ കാണാൻ കഴിഞ്ഞത് കൊണ്ട് മാത്രം ആഹാരം വെറുത്ത് ആഴ്ച്ചകൾ ഓളം കിടന്ന അനുഭവങ്ങൾ പലരുടേയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

അടുത്ത കാലത്ത് സർക്കാറിന്റെ അതിപ്രാധാന്യമുള്ള ഒരു ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന STP യുണിറ്റ് കാണാനുള്ള (നിർ)ഭാഗ്യമുണ്ടായി. അവിടെ കണ്ട കാഴ്ച്ച ഒരു സസ്പെൻസായി ഇവിടെ നിലനിർത്തുന്നു. അത് മനസ്സിലാക്കാൻ നിങ്ങളുടെ കണ്ണും, മൂക്കും, കോമൺസെൻസും മാത്രം മതി.

ഒരിക്കലും ഇങ്ങനെയൊന്നും തുറന്ന് എഴുതേണ്ടി വരില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു വിഷയമാണിത്. പക്ഷെ ഇന്നലെ കോഴിക്കോട് നടന്നതും ഇന്ന് തിരുവനന്തപുരത്തുമായി നടന്ന ചില സങ്കടകരമായ വാർത്തകൾ അതിന് നിമിത്തമായി എന്ന് മാത്രം.eprc/86/2018-07.
keralamyowncountry@gmail.com

info@eprcindia.org

www.eprcindia.org


2 thoughts on “ഭക്ഷണം മലിനം, ജലം മലിനം, വായു മലിനം അവസാനം കേരളം ഐസിയുവിലേക്ക്”

  • ചന്ദരശേഖരൻ

    25/07/2018 - at 9:28 AM

    വൃത്തി ആരംഭിക്കേണ്ടിടം ഇതാകുമ്പോൾ ഇവയെല്ലാം ഒഴുകിയെത്തുന്ന ജലസ്രോതസുകളുടെ അവസ്ഥ എന്താവും? വിദ്യാസമ്പന്നരായ മലയാളികൾ ഒരിക്കലും പഠിക്കാത്ത വിഷയമാണ് പരിസ്ഥിതി പരിപാലനം. മാലിന്യം കൊണ്ട് രാജ്യത്തിന്റെ ജിഡിപി ഉയരുന്നുവെങ്കിൽ പരിസ്ഥിതി നശിപ്പിക്കുന്നതാവും ചിലർക്ക് നേട്ടം.

    Reply
  • ആർ. പദ്മകുമാർ

    25/07/2018 - at 10:46 AM

    കഴക്കൂട്ടതെന്നല്ല…. കേരളത്തിലെ ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒന്നു ടോയ്‌ലറ്റിൽ പോകാനാണ് ഹോട്ടലിൽ കയറുന്നത്. കുടിച്ച ചായയുടെ സകല മെച്ചവും തീരും ടോയ്ലറ്റ് കാണുമ്പോൾ. ചിലയിടങ്ങളിൽ ടോളിലേറ് വളരെ അകലെ ഇരുട്ടു മുറിയാവും, വെള്ളം ഉണ്ടാവുമെങ്കിലും തൊടാൻ തോന്നില്ല. ഇവിടെ സാഫല്യം കോംപ്ലക്സിൽ പോലുമുള്ള ഒരു പ്രമുഖ കടയിൽ നിന്ന് വെള്ളം ഒരിക്കലേ കുടിച്ചുള്ളു, മാറ്റിതന്ന വെള്ളവും തഥൈവ …. കഷ്ടം തന്നെ. ഇവരൊക്കെ വെയ്സ്സ്ട്ട് വാട്ടർ റീസൈക്ലിങ് കൂടി തുടങ്ങിയാലോ????

    Reply

Leave a Reply

Your email address will not be published. Required fields are marked *

*
*