എന്തുകൊണ്ട് രാജ്യത്തെ ആദ്യത്തെ ബയോ-ഡൈവേഴ്സിറ്റി മ്യൂസിയം വള്ളക്കടവ് ബോട്ട്-പുരയിൽ?
പൈതൃക മ്യൂസിയം വരേണ്ടടിതു ജൈവ വൈവിധ്യ മ്യൂസിയം. ഹെറിറ്റേജ് ബ്ലോക്ക് എന്ന പേരിൽ കോൺക്രീറ്റ് നിർമിതി. പരിസ്ഥിതിയും, പൈതൃകവും പറഞ്ഞു ഉത്ഘാടനപെരുമഴയിൽ കേരളം.
രാജ്യത്തെ ആദ്യത്തെ ബയോ-ഡൈവേഴ്സിറ്റി മ്യൂസിയം തിരുവനന്തപുരം വള്ളക്കടവ് ബോട്ട് പുരയിൽ ജൂൺ 05, 2018 നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. വളരെ വൈകിയിട്ടു ആണെങ്കിലും ഈ പദ്ധതി പ്രവർത്തികമാക്കിയതിൽ സർക്കാരിനോട് നന്ദിയുണ്ട്. എന്നാലും ഇന്നലെ(05/06/2018) രാവിലെ അവിടെ വന്നപ്പോൾ ചെന്ന് കണ്ടപ്പോൾ തോന്നിയ ചിലകാര്യങ്ങൾ പറയണം എന്ന് തോന്നി.
എന്തു മാനദണ്ഡത്തിലായിരിക്കാം ബയോ-ഡൈവേഴ്സിറ്റി മ്യൂസിയത്തിനു ബോട്ട്-പുര തിരഞ്ഞെടുത്തത്? കാരണം ബോട്ട്-പുരയെന്നത് ഒരു പൈതൃകനിർമിതിയാണ്, അവിടെ വരേണ്ടിയിരുന്നത് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആയിരുന്നു. ഇന്ന് മന്ത്രി ശ്രീ. ജി. സുധാകരൻ ഉത്ഘാടനം ചെയ്ത സെൻട്രൽ ലൈബ്രറിയുടെ പുതിയ ഹെറിറ്റേജ് ബ്ലോക്കും, ബോട്ട്-പുരയും കണ്ടപ്പോൾ അതിൽ കണ്ട വൈരുധ്യം പറയാതെ തരമില്ല. ഹെറിറ്റേജ് ബ്ലോക്ക് എന്നും പറഞ്ഞു നിർമിച്ചത് തബൂക് കട്ടയും, പില്ലറുകളും കൊടുത്ത ഉഗ്രൻ കോൺക്രീറ്റ് കെട്ടിടമായിരുന്നെങ്കിൽ, ബോട്ട്-പുരയിൽ ബയോ-ഡൈവേഴ്സിറ്റി പാർക്കിനുവേണ്ടി പെയിന്റും ടൈലും ഇട്ടു വികൃതമാക്കിയത് ഒരു തനി തിരുവിതാംകൂർ ചരിത്രസ്മാരകത്തെയാണ്.
പുത്തനാറിലെ വെള്ളം ഒഴുകുന്നത് ഒഴിച്ച് നിർത്തിയാൽ, ബാക്കി സ്ഥലം മുഴുവൻ ജനവാസമേഖലയോ, വാണിജ്യയിടങ്ങളോ ഒക്കെയാണ്. മറ്റതിര് എയർപോർട്ട് മതിലുമാണ്.
ബയോ -ഡൈവേഴ്സിറ്റി പാർക്കിന് അനുയോജ്യമായിരുന്നോ ഇവിടം? അൽപ്പം ആലോചിച്ചു ചെയ്തിരുന്നെങ്കിൽ ആക്കുളം കായലിലിന്റെ ഭാഗത്തുള്ള ഏതെങ്കിലും സർക്കാർ ഭൂമിയിലോ, ഫോറെസ്റ്റിന്റെ സ്ഥലങ്ങളിലോ ഒക്കെ പ്ലാൻ ചെയ്യാമായിരുന്നു പക്ഷെ സർക്കാർ ഇങ്ങനെ ചെയ്യുന്ന ഓരോ പരിപാടിക്കും വ്യക്തമായ അജണ്ടകൾ കാണും എന്ന് നാം പൊതുജനങ്ങൾക്ക് മനസിലാക്കാൻ കഴിയും.
വരുന്നവരെ ഈ മ്യൂസിയത്തിലേക്കു ആകർഷിപ്പിക്കും എന്നോ, ഭാവിയിൽ വരുന്ന മാളുകളിൽ വരുന്നവർക്ക് എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന ഒരിടമാക്കാനോ എന്നൊക്കെ ആകും ജനങ്ങൾ ചോദിച്ചാൽ ഈ വകുപ്പുകൾ ഉത്തരം നൽകാൻ പോകുന്നത്.
പിന്നെ ഒരു പൈതൃകസ്മാരകമായി സംരക്ഷിക്കേണ്ട ഒരു കെട്ടിടത്തെ എങ്ങനെ കലയെന്ന പേരിൽ പടംവരച്ചു വികൃതമാക്കാം എന്നതിന് നമ്മുടെ നഗരത്തെ ഒരു ഉദാഹരണം കൂടിയായി മാറുന്നു . ഏഷ്യൻ പെയിന്റുകളുടെ പല ഷേഡുകളുടെ നല്ല ഡൈവേഴ്സിറ്റി അവിടെത്തെ ചുവരുകളിൽ ഒരുക്കിയിട്ടുണ്ട്.
“ഐസ് കടയിൽ പെയിന്റടിക്കരുത് ” എന്നൊരു ശൈലി കേട്ടിട്ടുണ്ട്, അതിനു സമാനായ പ്രവർത്തി ഇന്നലെ രാവിലെ ബോട്ട്-പുരയിൽ കാണാമായിരുന്നു. മഴയത്തു നിറഞ്ഞു തുളുമ്പി നിൽക്കുന്ന കുളത്തിന്റെ വശങ്ങൾ പെയിന്റടിച്ചു കുളത്തിലെ വെള്ളം കലങ്ങിയ അവസ്ഥ. പണ്ട് ബോട്ട് കയറിയിരുന്നയിടം മതിൽ തിരിച്ചു ചെടികൾ പതിപ്പിച്ചിരിക്കുന്നു. രാജാരവിവർമയെ പോലെ പല പ്രഗത്ഭരും പിറവികൊണ്ട നാട്ടിൽ കലയുടെ പേരിൽ കാണിച്ചു കൂട്ടുന്ന ആഭാസത്തരമായിട്ടേ അവിടെ ചുവരിൽ കാട്ടികൂട്ടിയിരിക്കുന്ന വിക്രീയകൾ കാണുമ്പോൾ തോന്നുകയുള്ളൂ.
ഈ നാടിന്റെ അസ്ഥിവാരമിളകി കിടക്കുമ്പോഴും വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരമുണ്ടെന്നു അവകാശപ്പെടുന്ന നമ്മൾ ഇത്ര പ്രതികരണശേഷിയില്ലാത്തവർ ആകാമോ?
സംസ്ഥാന ബയോ -ഡൈവേഴ്സിറ്റി ബോർഡിന്റെ ഈ പദ്ധതിക്ക് വേണ്ടി ഖജനാവിലെ എത്ര പണം ഇവിടെ എന്തിനൊക്കെ വേണ്ടി വിനിയോഗിച്ചു എന്നറിയാൻ കഴിഞ്ഞിട്ടില്ല. പൊതുജനം നോക്കുമ്പോൾ നശിച്ചു ബോട്ട്-പുരയ്ക്കു ഒരു ശാപമോക്ഷമായിമായി മാറിയല്ലോ ഈ പദ്ധതിയെന്നു കാണുമായിരിക്കും. ഇതുപോലൊരിടം നവീകരിക്കുമ്പോൾ അതിന്റെ പൈതൃകമൂല്യത്തിന് അതീവപ്രാധാന്യം കൊടുക്കണമായിരുന്നു. ബയോ-ഡൈവേഴ്സിറ്റി എന്നതിൽ തന്നെ ഒരു സൗന്ദര്യശാസ്ത്രം ഒളിച്ചിരിക്കുന്നുണ്ട്. അവിടെ ഉത്ഘാടനത്തിനു മുന്നോടിയായി ഞങ്ങൾ കണ്ട ചില കാഴ്ചകൾ വായനക്കാർക്കായി ഇവിടെ ചേർക്കുന്നു.
NB :അറിയേണ്ടത്, തിരുവനന്തപുരം ജില്ലയിലേക്ക് ദേശീയ ജലപാത വരും എന്ന് പറയുന്നത് വെറും ഇലക്ഷന് വോട്ടു പിടിക്കാൻ വേണ്ടിയുള്ള ഗിമ്മിക്ക് ഷോ മാത്രമാണോ? ജലപാത പ്രോജെക്ടിൽ കനാലിന്റെ വീതി 25 മീറ്ററും രണ്ടു വശമായി റോഡിനു 5 മീറ്റർ വീതം മറ്റൊരു 10 മീറ്ററും വേണ്ടിവരും എന്ന് ഇൻലാൻഡ് വാട്ടർവെയ്‌സ് വകുപ്പ് പറയുമ്പോഴും, അവിടെ ഇനി അത്തരത്തിലുള്ള ഒരു പദ്ധതിക്ക് സാധ്യത വളരെ വിരളമാണ്. ഈ കണ്ട ആശുപത്രികളും, മാളുകളും ഒക്കെ വന്നു കഴിയുമ്പോൾ അവരുടെ പണത്തിന്റെ മീതെ ഒന്നും നമ്മുടെ ജലപാത സ്വപ്നം നടപ്പിലാക്കുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ തന്നെ അത്തരം ജലപാതയുടെ സാധ്യത മുന്നിൽ കണ്ടു 100 % നിർമാണരഹിത മേഖലയായി പ്രഖ്യാപിക്കേണ്ട സർക്കാർ തന്നെ പലതിനും ചുക്കാൻ പിടിക്കുമ്പോൾ നമ്മൾ ജനങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യുവാൻ ഇവിടെ കഴിയില്ല. തിരുവനന്തപുരം താലൂക്കിന്റെ പരിധിയിൽമാത്രം ജലപാതയ്ക്കു ഇരുവശത്തുമായി ഏകദേശം 2140 ഓളം കൈയേറ്റങ്ങൾ സർവ്വേ വകുപ്പിന്റെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തി അതാതു വില്ലജ് ഓഫീസുകളിൽ സർവ്വേ ഉദ്യോഗസ്ഥർ ഏല്പിച്ചു പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, നാളിതു വരെ അതിന്റെ പുറത്തു യാതൊരു നടപടികളും സർക്കാർ തുടങ്ങി വെച്ചിട്ടില്ല.
Leave a Reply