മരട് ഫ്‌ളാറ്റ്: ഉത്തരവാദിത്വം സര്‍ക്കാരിനും നഗരസഭയ്ക്കുമെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്
അനധികൃത നിർമാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമാതാക്കൾക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികൾക്കാണോയെന്ന് കണ്ടെത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ന്യൂഡൽഹി: മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് ഫ്ളാറ്റുകൾ നിർമിച്ചതിന്റെ ഉത്തരവാദിത്വം സർക്കാറിന്റെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥർക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായ സമിതിയുടെ റിപ്പോർട്ട്.
അനധികൃത ഫ്ളാറ്റ് പൊളിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ഫ്ളാറ്റ് നിർമ്മാതാക്കളല്ല അനധികൃത നിർമാണത്തിന് ഉത്തരവാദികളെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
അനധികൃത നിർമാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമാതാക്കൾക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികൾക്കാണോയെന്ന് കണ്ടെത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ജസ്റ്റിസ് രാധാകൃഷ്ണൻ സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. അനധികൃത നിർമാണത്തിന് ഉത്തരവാദികളായവരോട് സ്വീകരിക്കേണ്ട നടപടികൾ കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ അമിക്കസ് ക്യുറി ഗൗരവ് അഗർവാളിനോട് സുപ്രീം കോടതി നിർദേശിച്ചു. റിപ്പോർട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബർ ആറിനകം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി അന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Leave a Reply