നാടിനെ കാർന്നു തിന്നുന്ന ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? സ്വന്തം നാടിനെ സ്നേഹിക്കുന്നവർക്ക് തുടർന്ന് വായിക്കാം ..
കേരളത്തിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് കൊണ്ട് പാടവും തോടും തണ്ണീർത്തടവും നികത്തിയാൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴയും, ആറ് മാസം മുതൽ മൂന്ന് വർഷം വരെയുള്ള തടവുമാണ് ശിക്ഷ! ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടിട്ടും നടപടികളെടുക്കാതെ തേരാപാരാ നടന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കും ഈ കുറ്റത്തിൻ മേൽ പിഴ അടക്കാം, നികത്തിയവനൊപ്പം ജയിൽവാസവും അനുഭവിക്കാം.
- നെൽവയൽ നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ RDO-ക്ക് റിപ്പോർട്ട് ചെയ്യേണ്ടത് സ്ഥലം കൃഷി ആഫീസറുടെ ചുമതലയാണ്.
- അത് തടയാനായി അവിടെയുള്ള കമ്മിറ്റിയായ LLMC അഥവാ പ്രാദേശിക നിരീക്ഷണ സമിതി നടത്തണം.
- നിയമത്തിലെ വകുപ്പ് 12 അനുസരിച്ച് വില്ലേജ് ആഫീസർ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതിന് ഒപ്പം പ്രതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി കോടതിക്ക് റിപ്പോർട്ട് കൊടുക്കണം.
- 2018 മുതൽ മേൽ പറഞ്ഞത് കൊഗ്നിസബിൾ (Cognizable offence) കുറ്റമാണ്. അതുകൊണ്ട് കോടതിക്ക് റിപ്പോർട്ട് സ്ഥലത്തെ പോലീസ് SHO വഴി ആണ് കൊടുക്കേണ്ടത്.
- ഈ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് ഔദ്യോഗികമായി കൊടുത്തെങ്കിൽ മാത്രമേ ഇതിൽ കേസ് ഉണ്ടാവുകയുള്ളു. ഇവർ റിപ്പോർട്ട് കൊടുക്കുന്നില്ലെങ്കിൽ കേസേയുണ്ടാവില്ല.
എന്നു വെച്ചാൽ സ്റ്റോപ്പ് മെമ്മോ മാത്രം കൊടുത്ത് തടിയൂരി പോരാനല്ല കേരള നെൽവയൽ തണ്ണീർത്തട നിയമം പറയുന്നത് എന്നർത്ഥം.
അങ്ങനെ സ്റ്റോപ്പ് മെമ്മോ മാത്രം കൊടുത്താൽ അതിന് കപ്പലണ്ടി പൊതിയുന്ന കടലാസിന്റെ വിലയേ ഉണ്ടാകൂ. അതാണ് ഇക്കാലത്ത് നമ്മൾ കൂടുതലും കണ്ടു വരുന്നത്.
ഇനി സ്റ്റോപ്പ് മെമ്മോ നൽകുന്നതിനൊപ്പം, നിയമം ലംഘിക്കാൻ ഉപയോഗിച്ചതോ ഉപയോഗിച്ചതായി കരുതപ്പെടുന്നതോ ആയ വാഹനങ്ങളും, യന്ത്രങ്ങളും, നികത്താനുപയോഗിച്ച മണ്ണും, മണലും, ഇഷ്ടികയും പണിയായുധങ്ങളൊക്കെയും വില്ലേജ് ആഫീസറോ സബ് ഇൻസ്പെക്ടറോ അപ്പപ്പോൾ പിടിച്ചെടുത്ത് കണ്ടുകെട്ടുന്നതിനായി 48 മണിക്കൂറിനുള്ളിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൊടുക്കണം എന്നാണ് നിയമത്തിൽ പറയുന്നത്. അപ്പോൾ മുതൽ പാടം നികത്താൻ അടിച്ച മണ്ണും കല്ലും വണ്ടിയും ജെസിബിയും എന്ന് വേണ്ട അവിടെ കിടക്കുന്നതൊക്കെയും സർക്കാരിൽ നിക്ഷിപ്തമാവുകയാണ്.
അവയ്ക്ക് ജില്ലാകളക്ടർ നിശ്ചയിക്കുന്ന വിലയുടെ ഒന്നരമടങ്ങിന് തുല്യമായ തുക കെട്ടിവെച്ചാൽ മാത്രമേ ഉടമക്ക് പിടിച്ചെടുക്കുന്നതൊക്കെ തിരികെ ലഭിക്കുകയുള്ളു. അല്ലാത്ത പക്ഷം ഈ പിടിച്ചെടുക്കുന്നതൊക്കെ പൊതുലേലം നടത്തി കിട്ടുന്ന തുക സർക്കാരിലേക്ക് മുതൽ കൂട്ടാം. റോഡ് നിർമാണത്തിനും നാട്ടിലെ മറ്റ് മരാമത്ത് പണികൾക്കും ഈ മണ്ണ്, കല്ല്, കട്ട എന്നിവ ഉപയോഗിക്കാം. ഇതിനായി പ്രത്യേകിച്ച് വേറെ മല ഇടിക്കേണ്ടതായി വരുന്നില്ല.
അപ്പോൾ തന്നെ ഇത്രയും കാലം പിടിച്ചെടുക്കേണ്ടവ പിടിച്ചെടുക്കാതെയും കേസെടുക്കാതെയും പോയത് വഴി സർക്കാറിനും പൊതു സമൂഹത്തിനുമായി ഇക്കാലമത്രയും ഇപ്പറഞ്ഞ ഉദ്യോഗസ്ഥർ നഷ്ടപ്പെടുത്തിയ കോടികളുടെ സംഖ്യ എത്രയുണ്ടാകും? ആരെങ്കിലും മിനക്കെട്ടിരുന്നു ഇതിന്റെ കണക്ക് മാത്രം കൂട്ടിയാൽ അന്തമില്ലാത്ത വല്ലോം സംഖ്യയാകും കിട്ടുന്നത്.
ശരിക്കും വേണ്ടത് ഇത്തരത്തിൽ നഷ്ടമുണ്ടാക്കുന്ന കോടികൾ വരുന്ന തുക ബന്ധപ്പെട്ട ഓരോ ഉദ്യോഗസ്ഥന്റെയും ബാദ്ധ്യതയിൽപ്പെടുത്തി കൊണ്ട് ഇനി മേലാലെങ്കിലും തിരിച്ചു പിടിക്കാൻ സർക്കാർ ആർജ്ജവം കാട്ടണം.
പാടവും തോടും തണ്ണീർത്തടവും നികത്തുന്നത് കണ്ട് നടപടിയെടുക്കാത്ത കൃഷി ആഫീസർമാർക്കും വില്ലേജ് ആപ്പീസർമാർക്കും ആറ് മാസം മുതൽ മൂന്ന് വർഷം വരെയുള്ള തടവും, അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെയുള്ള പിഴയുമാണ് നിയമത്തിൽ പറഞ്ഞിട്ടുള്ള ശിക്ഷയെന്നത്! ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടാലോ ആ ഉദ്യോഗസ്ഥന്റെ പണി എന്നന്നത്തേക്കുമായി പോകും. ശരിക്കും പി.എസ്.സിയിൽ കണ്ണും തുറിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ മനസിലാക്കേണ്ട ഒരു വിഷയമാണിത്. അവർ ആത്മാർത്ഥമായി വിഷയം മനസിലാക്കിയാൽ നൂറുക്കണക്കിന് ഒഴിവുകളാണ് ഇതിലൂടെ റിപ്പോർട്ട് ചെയ്യാൽ സാധ്യതയുളളത്.
നാളിത് വരെ ഇതൊന്നും കാര്യമായി ആരും ചോദ്യം ചെയ്യാതിരുന്നത് കൊണ്ട് ശമ്പളവും വാങ്ങി പാവങ്ങളെ നാളെ വാ……. മറ്റന്നാൾ വാ…….. അടുത്തയാഴ്ച്ച വാ ……..എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം നടത്തിച്ച് പറ്റിച്ച് ഇരിക്കുകയായിരുന്നു. ഇങ്ങനെ വരുന്നവരിലാരെങ്കിലും ആത്മഹത്യാ ചെയ്‌താൽ തന്നെ ഈ ഉദ്യോഗസ്ഥർക്ക് എന്താണ്? ഒന്നുമില്ല. ആര് പാടുപ്പെട്ടാലും, ആര് ചത്താലും തങ്ങൾക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം സർക്കാർ തരും. അത് ഉറപ്പാണ്. അഴിമതിക്കെതിരെ FB യിലും, വാട്സപ്പിലും കമന്റിട്ട് നാടിനെ മാവേലിനാട് പോലെ നന്നാക്കാൻ ഇരിക്കുന്ന പ്രബുദ്ധ മലയാളിയുടെ മൂക്കിന്റെ തുമ്പത്താണ് ഇതെല്ലാം നടക്കുന്നത് എന്നത് വേറെ കാര്യം.
ഇവിടെ ദിലീപിന്റെ സ്വഭാവവും പേളിയുടെ ഗർഭവും സ്വപ്നയുടെ ലിപ്സ്റ്റിക്കും അശ്വത്ഥാമാവും കുഞ്ജനയുമൊക്കെയാണ് ചർച്ച.
നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്നവരെ സുഖിക്കാൻ വിട്ട് ഇനിയും നമ്മൾ മിണ്ടാതിരിക്കണോ? ഓരോരുത്തരും കുറച്ചൊക്കെ വിചാരിച്ചാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം. ഓരോരുത്തരും പ്രാദേശികമായിട്ട് തന്നെ പ്രാഥമികമായിട്ട് ഒരന്വേഷണം നടത്തിയാൽ ഈ വെള്ളാനകൾ കൃത്യമായിട്ട് വെള്ളം കുടിക്കുകയും ചെയ്യും ജനങ്ങൾക്ക് കുടിപ്പിക്കാനുമാകും. ആദ്യ ഘട്ടമെന്ന നിലയിൽ നാട്ടിൽ നിങ്ങൾക്ക് അറിയാവുന്ന പാടം നികത്തലുകൾ തന്നെ എടുക്കൂ. പണി സ്വന്തം നാട്ടിലെ കൃഷി ആഫീസിൽ നിന്നോ വില്ലേജ് ആപ്പീസിൽ നിന്നോ തുടങ്ങാം. ആദ്യം ഒന്നോ രണ്ടോ പേർ വെള്ളം കുടിച്ചാൽ മറ്റുള്ള ഉദ്യോഗസ്ഥന്മാർ ഉറക്കത്തിൽ നിന്നും തന്നെ താനെ എണീറ്റ് കൊള്ളും.
ഈ പ്രക്രിയയിലൂടെ സ്വന്തം നാടിനേയും രക്ഷിക്കാം കൂട്ടത്തിൽ സർക്കാറിന്റെ ഖജനാവിലേക്ക് വരുമാനവും കൂട്ടാം. എല്ലാത്തിലുമുപരി ഈ മേഖലയിൽ നാട്ടിൽ കാലങ്ങളായി നടന്നുകൊണ്ടിരുന്ന കൊടും കൊള്ളരുതായ്മകൾക്ക് അറുതിയും വരുത്താം.
Leave a Reply